ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

മലയോരത്തിന്റെ റാണി എന്നറിയപ്പെടന്നതും പത്തനംതിട്ട ജില്ലയുടെ വടക്കു കിഴക്കു ഭാഗത്തായി സ്ഥിതിചൈയ്യുന്നതുമായ ഒരു പ്രദേശമാണ് റാന്നി. കിഴക്കൻ മലഞ്ചെരുവുകളുടെ ഭംഗി കാരണം 'റാണി' എന്ന പേരിൽ നിന്നാണ് റാന്നി എന്ന പേരുണ്ടായതെന്നും, പമ്പാനദി ഈ പ്രദേശത്ത് '' എന്ന അക്ഷരത്തിന്‍റെ ആകൃതിയിൽ വളഞ്ഞു പൂണ്ട് ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് 'റാന്നി' എന്ന പേര് ലഭിച്ചതെന്നും രണ്ട് രീതിയിൽ പറയപ്പെടുന്നു.

പഴയകാലത്ത് റാന്നി ഭരിച്ചിരുന്നത് തെക്കുംകൂർ രാജാവുമായി രക്തബന്ധമുള്ള "റാന്നി കർത്താക്കന്മാർ" അഥവാ റാന്നിയിലെ കർത്താക്കൾ ആയിരുന്നു. ഇവരുടെ കൊട്ടാരം അരീക്കലിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ വേണാട്ടിലെ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ രാജാവ് തെക്കുംകൂർ രാജ്യം പിടിച്ചടക്കുകയും റാന്നി കർത്താക്കന്മാരുടെ ഭൂമി കണ്ടുകെട്ടുകയും ചെയ്തു. ഇതോടെ റാന്നി മധ്യതിരുവിതാംകൂറിന്റെ ഭാഗമായി മാറി.

ആദ്യകാലത്ത് വില്ലേജ് യൂണിയൻ ആയിരുന്ന ഈ പ്രദേശം 1953-ലാണ് ആദ്യമായി പഞ്ചായത്ത് ഭരണസമിതിക്ക് കീഴിലാകുന്നത്. 1971 വരെ 'റാന്നി തോട്ടമൺ' എന്നായിരുന്നു ഇതിന്റെ ഔദ്യോഗിക പേര്. മുൻപ് കൊല്ലം (ക്വയിലോൺ) ജില്ലയുടെ ഭാഗമായിരുന്ന റാന്നി, 1982-ൽ പത്തനംതിട്ട ജില്ല രൂപീകരിച്ചതോടെ അതിന്റെ ഭാഗമായി മാറി. 1983 ഓഗസ്റ്റ് 1-നാണ് റാന്നി താലൂക്ക് ഔദ്യോഗികമായി രൂപീകൃതമാകുന്നത്. പമ്പാനദിയുടെ ഇരുതീരങ്ങളെയും ബന്ധിപ്പിച്ച് 1960-ൽ നിർമ്മിച്ച റാന്നി പാലം തകർന്നതും, പിന്നീട് 1999-ൽ പുതിയ പാലം വന്നതും റാന്നിയുടെ ആധുനിക ചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ്.

9 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ആകെ വിസ്തൃതി 1004.61 ച.കി. മീറ്റർ ആണ്. വിസ്‌തൃതിയുടെ പ്രധാനഭാഗം (709.14 ച.കി.മീറ്റർ) വനപ്രദേശമാണ്. പത്തനംതിട്ടജില്ലയിൽ ഏറ്റവും ഭൂപ്രദേശം കൂടിയതും വനഭൂമി ഉള്ളതും മധ്യ തിരുവിതാംകൂറിലെ ചരിത്രപരമായും,സാംസ്‌കാരികമായും, ആത്മീയപരമായും സമ്പന്നവുമായ പ്രദേശമാണ് റാന്നി ബ്ലോക്ക് പഞ്ചായത്ത്.9 പഞ്ചായത്തുകളിൽ 7 ഗ്രാമപഞ്ചായത്തുകളും പുണ്യനദിയായ പമ്പയാൽ അനുഗ്രഹീതമാണ്. കുന്നിൻപദേശങ്ങളും, കുത്തനെ ചരിഞ്ഞ പ്രദേശങ്ങളും, പാറക്കെട്ടുകളും, കാടുകളും നിറഞ്ഞ ഈ പ്രദേശത്താണ് ലോകപ്രശസ്‌ത തീർത്ഥാടന കേന്ദ്രമായ ശബരിമലയും, പമ്പയും, നിലയ്ക്കലും സ്ഥിതി ചെയ്യുന്നത്. പെരുന്തേനരുവിവെള്ളച്ചാട്ടം, മലയോര വിനോദ സഞ്ചാര കേന്ദ്രമായ ഗവി എന്നിവ വിനോദ സഞ്ചാര രംഗത്ത് വികസന സാധ്യതകൾഏറെയുള്ള ഈ ബ്ലോക്ക് പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളാണ്.